ശനിയാഴ്‌ച, ഏപ്രിൽ 14, 2012

ഒരു കോയിക്കോടുകാരന്റെ തിരോന്തരം യാത്ര !

ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ ഭക്ഷണ പെരുമ ലോക പ്രശസ്തമാണ്. വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും , രുചിയുടെ കാര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കൊണ്ടും ഞങ്ങള്‍ മറ്റു ദേശക്കാരില്‍ നിന്നും വ്യത്യസ്തരാണ്. സാധാരണ ദിവസമായാലും വിശേഷ ദിവസമായാലും ഭക്ഷണത്തിന്റെ കൂടെ നോണ്‍ വെജ് വേണം എന്നത് ഞങ്ങടെ ഒരു ശീലമാണ്! എന്ന് കരുതി എല്ലാ ദിവസവും കോഴിയിറച്ചിയോ പോത്തിറച്ചിയോ കഴിക്കുന്നവരാണ്‌ ഞങ്ങള്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.

എങ്കിലും പ്രാതലിന്റെ കൂടെ മുട്ടക്കറി ആയിട്ടോ , ഊണിന്റെ കൂടെ പൊരിച്ച മീനായിട്ടോ, വൈകിട്ട് ചായയുടെ കൂടെ കല്ലുമ്മക്കായ പൊരിച്ചതായിട്ടോ, എന്തെങ്കിലും ഒരു നോണ്‍ വെജ് ഞങ്ങള്‍ കഴിച്ചിരിക്കും ! ജാതി മത ഭേദമന്യേ കോഴിക്കോടുകാരുടെ ഒരു പൊതു സ്വഭാവമാണിത്. (of course exceptions are there) ഓണത്തിനും വിഷുവിനും കോഴിക്കോട്ടെ ഫിഷ്‌ മാര്‍ക്കെറ്റിലും, ഇറച്ചി കടകളിലും അനുഭവപ്പെടുന്ന തിരക്ക് ചാനെലുകാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ പുച്ഛം തോന്നാറുണ്ടെന്നു തെക്കന്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇരുപത്തിയൊന്നു കൂട്ടം കറികള്‍ ഉണ്ടായാലും, അതിന്റെ കൂടെ ഒരു പൊരിച്ച മീനോ, കോഴിക്കാലോ കടിക്കാന്‍ ഉണ്ടെങ്കില്‍.......... ഹോ !!!!! അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണെന്ന് ആ മണ്ടന്മാര്‍ക്കു അറിയില്ലല്ലോ!!

രാവിലെയുള്ള 'വെറും ചായ' (ബെഡ് കോഫി) യില്‍ നിന്നാണ് ഞങ്ങടെ ഒരു ദിവസം ആരംഭിക്കുന്നത്. 'വെറും ചായ' എന്നാണു പേരെങ്കിലും കൂടെ ഒരു ചെറു കടി പതിവാണ്. ബ്രഡ് വാട്ടിയത്‌, പഴം വാട്ടിയത്‌ എന്നീ ഹോം മൈഡ് ഐറ്റംസോ, ബിസ്കറ്റ്, റെസ്ക് എന്നീ ബേക്കറി ഐറ്റംസോ എന്തെങ്കിലും ഒന്ന് ഉറപ്പാണ്. പ്രാതലിന്റെ മെയിന്‍ കോഴ്സ് റെഡി ആവണമെങ്കില്‍ മണി പത്താകും. അതു വരെ ഈ 'വെറും ചായ' കൊണ്ട് വിശപ്പ്‌ അഡ്ജസ്റ്റ് ചെയ്തോളണം !! 

ഇനി പ്രാതലിന്റെ മെനു നോക്കാം. നൈസ് പത്തിരി, ടയര്‍ പത്തിരി (ഓട്ടു പത്തല്‍), നെയ്‌ പത്തിരി (വടകര ഭാഗത്ത്‌ നെയ്‌ പത്തല്), മടക്കിപ്പത്തിരി (ഗോതമ്പ് പൊറോട്ട) , മസാല പത്തിരി (ഇറച്ചിയോ മീനോ വെച്ചുണ്ടാക്കുന്നത്), അട, വെള്ളയപ്പം, ഇടിയപ്പം, പൂരി, പുട്ട്, കല്ലുമ്മക്കായ പൊരിച്ചത്, ദോശ, ഇഡലി (റേഷന്‍ കടയില്‍ അരി പച്ചരി ആണെങ്കില്‍ മാത്രം). എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !

ഇനി ഇതിന്റെയൊക്കെ കറികള്‍ നോക്കാം! തേങ്ങ വറുത്തരച്ചു വെക്കുന്ന കടല കറിയോ, മരച്ചീനിയിട്ട് വെക്കുന്ന ചെറുപയര് കറിയോ ആണ് പുട്ടിനു ബെസ്റ്റ് കോമ്പിനേഷന്‍. ഇഡലിക്ക് ചട്നിയും ബാക്കി എല്ലാത്തിനും മുട്ട റോസ്റ്റും, തേങ്ങയരച്ചു വെക്കുന്ന മുട്ടക്കറിയും, മീന്‍ കറിയും, ഇറച്ചിക്കറിയും, ഉരുളകിഴങ്ങും മറ്റു പച്ചക്കറികളും ചേര്‍ത്ത് വെക്കുന്ന മസാല കറിയും സ്യൂട്ട് ആകും. കറി എന്തായാലും അച്ചാര്‍ പോലെ തൊട്ടു കൂട്ടാതെ പലഹാരത്തില്‍ ഒഴിച്ച് കൈ കൊണ്ട് കുഴച്ചു വിശാലമായി തിന്നുന്നതാണ് എന്റെ ഒരു സ്റ്റൈല്‍ ! എന്റെ ഉമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഓന് രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം..ഓന്‍ ചായക്ക് പകരം കറിയല്ലേ കുടിക്കുന്നേ..." 

ഇത്രയും ആമുഖമായി പറയാന്‍ കാരണം എന്റെ കഴിഞ്ഞ പോസ്റ്റ്‌ ആയ ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ യില്‍ വിനു ടീച്ചെറിട്ട ഒരു കമന്റ്‌ ആണ്. "വടക്കന്‍ മലബാറുകാരുടെ ഭാഷയും ഭക്ഷണവും ഇച്ചിരി ഒന്നുമല്ല എന്നെ കുഴക്കിയിരിയ്ക്കുന്നത്.. ഒരു കല്ല്യാണവീട്ടിൽ പോയപ്പൊ നേരം വെളുത്ത് കണ്ണ് തുറന്നതും ചായയുടെ കൂട്ടത്തില്‍ മുട്ട പുഴുങ്ങിയതു, കല്ലുമ്മക്കായ് നിറച്ചതും തന്നപ്പൊ, ഇത് ഞാന്‍ ഊണിന്‍റെ കൂടെ കഴിയ്ക്കാം ട്ടൊ എന്നു പറഞ്ഞു പോയി". പരിചയമില്ലാത്ത ഭക്ഷണ രീതി കണ്ടു അമളി പറ്റിയ ടീച്ചറുടെ നിഷ്കളങ്കമായ ഈ കമന്റ്‌ എന്നെ കുറെ ചിരിപ്പിച്ചു. ഒപ്പം നാലഞ്ചു വര്‍ഷം മുന്‍പ് എനിക്ക് പറ്റിയ ഇതേ രീതിയിലുള്ള ഒരബദ്ധം മനസ്സിലേക്ക് വന്നു.

ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിന് പങ്കെടുക്കാനായി എനിക്ക് തിരുവനന്തപുരം പോവേണ്ടി വന്നു. വടകരക്കാരനായ എനിക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം തലേന്ന് പുറപ്പെട്ട് ഞങ്ങടെ കോമണ്‍ ഫ്രെണ്ടായ സനലിന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. കല്യാണത്തിന്റെ തലേന്ന് രാവിലെ തന്നെ ട്രെയിനില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വീട്ടിന്നു അതിരാവിലെ ഇറങ്ങിയത്‌ കൊണ്ടും, വിശപ്പിന്റെ അസുഖമുള്ളതിനാലും താനൂര്‍ എത്തിയപ്പോഴേ എന്റെ 'പള്ളയില്‍' നിന്ന് ബാങ്ക് വിളി തുടങ്ങി. വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ദോശയും ചട്നിയും കഴിച്ചു പള്ളയുടെ പ്രശ്നം പരിഹരിച്ചു. 

അരമണിക്കൂര്‍ കഴിഞ്ഞതും വയറ്റില്‍ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ദോശയും ചട്നിയും കൂടി വയറ്റില്‍ കിടന്നു ഗുസ്തി പിടിക്കുകയാണ്. ടിക്കെറ്റ് ഇല്ലാത്തപ്പോള്‍ TTR കാണാതെ ഒളിച്ചിരിക്കാന്‍ അല്ലാതെ , കാര്യം സാധിക്കാന്‍ ട്രെയിനിലെ ടോയിലെറ്റില്‍ ഞാന്‍ കയറാറില്ല. പക്ഷെ ഇപ്പോള്‍ സിറ്റുവേഷന്‍ വളരെ ക്രിട്ടിക്കല്‍ ആണ് ! സൊ നത്തിംഗ് ടു തിങ്ക്‌ .........അറ്റാക്ക്‌ ....!

ലോഡെല്ലാം ഇറക്കി വെച്ച ആശ്വാസത്തോടെ സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വയറ്റീന്നു ശിങ്കാരി മേളം തുടങ്ങി. പിന്നെ 'ഫോര്‍ ലൂപ്പില്‍' ഇട്ടതു പോലെ കന്റിനിയൂസ് ആയി ടോയിലെറ്റിലോട്ടു ഒരു 'പോക്ക് വരവ്' തന്നെയായിരുന്നു. അവസാനം നമ്മുടെ സര്‍ക്കാര്‍ ഖജനാവ് പോലെ വയര്‍ കാലി ആയപ്പോള്‍ ലൂസ് മോഷന്‍ ' നോ മോഷന്‍' ആയി.

മഹത്തായ ഇന്ത്യന്‍ റെയില്‍വേയുടെ ഫുഡ്‌ കഴിച്ചു വീണ്ടും വയര്‍ ചീത്തയാക്കേണ്ട എന്ന് കരുതി തിരുവനന്തപുരം വരെ ജ്യൂസ് മാത്രം കുടിച്ചു 'ഹസാരെ മോഡല്‍ നീരാഹാരം' കിടക്കാന്‍ തീരുമാനിച്ചു. അല്പം വിശന്നിരുന്നാലും സനലിന്റെ വീട്ടില്‍ എത്തിയിട്ട് ലാവിഷ് ആയി ഫുഡ്‌ അടിക്കാം എന്നൊരു ഗൂഡ ലക്‌ഷ്യം ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നു!

'ആസ് യൂഷ്വല്‍' മൂന്നു മണിക്കൂര്‍ ലേറ്റ് ആയിട്ടാണ് ട്രെയിന്‍ ഓടുന്നതെന്ന് എറണാകുളം എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇതെപ്പോള്‍ Trivandrum എത്തുമെന്ന് അടുത്തിരിക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം 'എപ്പ എത്തൂന്നു റെയില്‍വേക്ക് തന്നെ ബോധ്യമുണ്ടാവില്ല...പിന്നെയല്ലേ എനിക്ക്!! എത്തിയാല്‍ എത്തി! അത്ര തന്നെ' എന്നായിരുന്നു. അപ്പോള്‍ തന്നെ ഞാനത് സനലിനെ വിളിച്ചു പറയുകയും ചെയ്തു. 

"എടാ ഞാന്‍ എറണാകുളം എത്തിയെ ഉള്ളൂ .......ട്രെയിനിന്റെ വരവ് കണ്ടിട്ട് നിന്റെ വീട്ടില്‍ എത്താന്‍ പാതിരയാകുമെന്നാ തോന്നുന്നെ......ഭക്ഷണത്തിന് വേണ്ടി എന്നെ വെയിറ്റ് ചെയ്യേണ്ട എന്ന് നിന്റെ വീട്ടുകാരോട് പറയ്‌ ഞാന്‍ വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം". 

ഒടുക്കം ലാലു പ്രസാദിന്റെ കടാക്ഷം കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ലാതെ ട്രെയിന്‍ Trivandrum എത്തി. സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ചു സനലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മറത്ത്‌ തന്നെ അവന്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയെല്ലാരും എവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. " നീ വരാന്‍ ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞോണ്ട് എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു.....നിനക്ക് സുഖമില്ലേ ? മുഖത്ത് എന്താ ഒരു ക്ഷീണം".

ഇതിലും വലിയ അസുഖം എന്ത് വരാനാ!! "എനിക്ക് ദേഷ്യവും, നിരാശയും,നീരസവും, സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നെങ്കിലും ആത്മസംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "ഹേയ് ഒന്നുമില്ലെടാ....കുറെ നേരം ട്രെയിനില്‍ ഇരുന്നതല്ലേ....അതിന്റെതാ......ഒന്ന് കിടന്നാല്‍ ശരിയാകും". 

എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്!! ഒന്നുകില്‍ ഞാന്‍ ഫോണില്‍ പറഞ്ഞത് അവനു മനസ്സിലായിട്ടില്ല അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനിലെ സൌണ്ട് കാരണം പറഞ്ഞത് മുഴുവന്‍ കേട്ട് കാണില്ല. ഇനിയിപ്പോള്‍ ഒന്നും കഴിച്ചില്ലാന്നു പറഞ്ഞാല്‍ അവനു ബുദ്ധിമുട്ടാകും. വീട്ടുകാരെ ഉണര്‍ത്തണം..ഫുഡ്‌ ഒന്നുമില്ലേല്‍ ഉണ്ടാക്കണം. 'ഫോളോവെര്‍ ഗാട്ജെറ്റ് പോയ ബ്ലോഗറെ, ഗൂഗിള്‍ ബ്ലോക്ക് ചെയ്തത് പോലെയായി' എന്റെ കാര്യം! വിശപ്പാണേല്‍ 'ഹൈ കമാന്റില്‍' എത്തി നില്‍ക്കുകയാണ്! "തല്‍ക്കാലം ഒന്നും മിണ്ടാതെ കിടക്കാം. എല്ലാം കൂടി രാവിലെ ഒരു ഗംഭീര തട്ട് തട്ടാം! " എന്ന് തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിയും തേവാരവും എല്ലാം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ ഓരോരുത്തരെയായി സനല്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അവന്റെ അച്ഛന്‍ പുള്ളിയുടെ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുത്തി വധിക്കാന്‍ തുടങ്ങി. അമേരിക്കയും സദ്ദാമും ബുഷും ആന്റണിയും ഉള്‍പ്പടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തിക്കയറുകയാണ്. മനുഷ്യന്റെ വയറു കത്തുമ്പോഴാ അങ്ങേരുടെ ഒരു ബീഡി കത്തിക്കല്‍!!!!.!! !!!

പുള്ളി പറയുന്നതിന് എല്ലാത്തിനും ഞാന്‍ മൂളുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ ഡൈനിങ്ങ്‌ ഹാളിലാണ്. അഞ്ചാം മന്ത്രിസ്ഥാനം കാത്തിരുന്ന ലീഗുകരെ പോലെ കുറെ നേരമായി ഞാന്‍ അങ്ങോട്ട്‌ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്.  ഇത്ര നേരമായിട്ടും അവിടേക്ക് 'കുച്ച് നഹി ആയാ'. ആകെ വന്നത് കിച്ചണില്‍ നിന്നും എന്തോ എണ്ണയില്‍ പൊരിക്കുന്ന ശ് ...ശ് ....ശബ്ദം മാത്രം. രാവിലെ തന്നെ ചിക്കെന്‍ പൊരിക്കുകയാണെന്ന് തോന്നുന്നു. എന്റെ മനസ്സില്‍ 'ലഡുവും ലിലേബിയും' എല്ലാം ഒരുമിച്ചു പൊട്ടി. 

അധികം താമസിയാതെ തന്നെ 'ഫുഡ്‌ റെഡി ആയി. നമുക്ക് കഴിക്കാം' എന്ന് പറഞ്ഞു സനല്‍ എന്നെ ഡൈനിങ്ങ്‌ റൂമിലോട്ട് ആനയിച്ചു. സനലും അവന്റെ അച്ഛനും എന്റെ കൂടെ കഴിക്കാന്‍ ഇരുന്നു. ആദ്യം തന്നെ ടാബിളില്‍ വച്ചിരിക്കുന്ന ഐറ്റംസിലൂടെ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. നാലഞ്ചു കുറ്റി പുട്ടും അഞ്ചാറു പപ്പടവും ഒരു ചെറിയ പ്ലേറ്റില്‍ കുറച്ചു ചെറു പയര്‍ പുഴുങ്ങിയതും !!  ആരേലും കറി കൊണ്ട് വെക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സനലിന്റെ അച്ഛന്‍ പപ്പടവും ചെറുപയറും കൂട്ടി പുട്ട് കഴിച്ചു തുടങ്ങി.

അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ പുട്ടിലും ചെറുപയരിലും മാറി മാറി നോക്കുന്ന എന്നെ സന്തോഷിപ്പിക്കാനായി സനലിന്റെ പ്രഖ്യാപനം വന്നു. "എടാ....പുട്ടും പയറും നീ വന്നത് കൊണ്ട് സ്പെഷലാ....നല്ലോണം തട്ടിക്കോ....സാധാരണ ഇവിടെ ഇഡലിയും ഉപ്പുമാവുമൊക്കെയാ!!! ". എന്റെ വീട്ടില്‍ അതിഥികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു. 

ഭാഷ ദേശങ്ങള്‍ക്കനുസൃതമായി ഭക്ഷണ ശൈലിയിലും അതിഥി സല്‍ക്കാരത്തിലും മാറ്റം ഉണ്ടാകാം എന്ന തിരിച്ചറിവും, സനലിന്റെ വീട്ടുകാരുടെ നിര്‍ലോഭമായ സ്നേഹവും ഓര്‍ത്തു നേരത്തെ വന്ന ആ ചിരി ഞാന്‍ ഉള്ളിലൊതുക്കി. "രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം" എന്ന കോഴിക്കോടന്‍ സിദ്ധാന്തം മറന്നു കൊണ്ട്  ഞാന്‍ അവരുടെ കൂടെ കഴിച്ചു തുടങ്ങി. അല്ലെങ്കിലും വിശന്നു കൊടല് കരിയുന്നവന് എന്ത് സിദ്ധാന്തം... എന്ത് വേദാന്തം !!

അങ്ങനെ എന്റെ ജീവിതത്തില്‍ ആദ്യമായി കറിയില്ലാതെ വെറും പപ്പടവും പുഴുങ്ങിയ ചെറുപയറും കൂട്ടി മൂന്നു കഷ്ണം പുട്ട് തിന്നു. സോറി... തിന്നു എന്ന് പറയുന്നതിനേക്കാളും വായിലോട്ട് കുത്തിക്കേറ്റി എന്ന് പറയുന്നതാവും ശരി ! ആദ്യം ഒരു ചെറിയ അസ്വസ്ഥത തോന്നിയെങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് എല്ലാം നേരെയായി !!

ബ്രേക് ഫാസ്റ്റ്‌ കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു കല്യാണ മണ്ഡപത്തിലേക്ക് പോയി. കല്യാണത്തില്‍ പങ്കെടുത്ത് അവിടുന്ന് മൂന്ന് കൂട്ടം പായസവും കൂട്ടി നല്ലൊരു സദ്യയും ഉണ്ട് വൈകിട്ടത്തെ ട്രെയിനില്‍ തിരിച്ചു നാട്ടിലേക്കു വന്നു. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ച് എന്റെ വയറിനു ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല ടോയിലെറ്റിന്റെ ഏരിയയിലേക്ക് കൂടി പോവേണ്ടി വന്നില്ല ; അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള രണ്ടു ദിവസം കൂടി !!

തിരുവനന്തപുരം പോയി വന്നതിനു ശേഷം വയറ് സ്തംഭിക്കാന്‍ കാരണമെന്താന്നു ഉമ്മ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ എല്ലാമറിയുന്ന അനിയനാണ് മറുപടി പറഞ്ഞത് !!!

"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക്‌ ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...." ഇത് കേട്ടതും അനിയത്തിയും, ഉമ്മയും, ഇളയ അനിയനും, എല്ലാരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു........അവരുടെ കൂടെ ചേര്‍ന്ന് ചിരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു!!!

-------------------------------------------------------ശുഭം----------------------------------------------------------------

പതിവ് പോലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്.